THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കറന്റ് ബിൽ കുറക്കണോ? എ.സിയിലും റഫ്രിജറേറ്ററിലും പിടിമുറുക്കൂ

Shareef Kooleri · 29-09-2026 06:47 PM IST

തങ്കയം ഇസ്സത്തുൽ ഇസ്‌ലാം ജമാഅത്ത് എജുക്കേഷൻ ഗൈഡൻസ് ബ്യൂറോ സംഘടിപ്പിച്ച വൈദ്യുതി ഉപഭോഗ ബോധവൽക്കരണ പരിപാടിയിൽ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ കെ.സഹജൻ സംസാരിക്കുന്നു.
തൃക്കരിപ്പൂർ: വൈദ്യുതി ഉപഭോഗം കുറക്കാനും അതുവഴി ബിൽതുക ലഭിക്കാനും എ.സി, റഫ്രിജറേറ്റർ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി കാസർകോട് പ്രോജക്ട് മോനിറ്ററിങ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. സഹജൻ അഭിപ്രായപ്പെട്ടു. തങ്കയം ഇസ്സത്തുൽ ഇസ്‌ലാം ജമാഅത്ത് എജുക്കേഷൻ ഗൈഡൻസ് ബ്യൂറോ സംഘടിപ്പിച്ച വൈദ്യുതി ഉപഭോഗ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ 60 ശതമാനത്തോളം എ.സി, റഫ്രിജറേറ്റർ എന്നിവയുടെ ഉപയോഗം വഴിയാണ്. വൈകിട്ട് ആറുമുതൽ പത്തുവരെയുള്ള പീക്ക് ലോഡ് സമയത്ത് ഇവയുടെ ഉപയോഗം നിയന്ത്രിച്ചാൽ 30 ശതമാനം വരെ ബിൽ തുക കുറക്കാൻ സാധിക്കും. സോളാർ വൈദ്യുതി സജ്ജീകരിച്ച ധൈര്യത്തിൽ രാത്രി നേരത്തെ പീക്ക് ലോഡ് വേളയിൽ നിയന്ത്രണമില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരമ്പരാഗത സോളാർ പവറിന് പകരം ഹൈബ്രിഡ് സോളാർ ഉപയോഗിച്ചാൽ ഒരളവുവരെ പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്ത് പ്രസിഡൻ്റ് കെ.കെ.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് സി.ബി.ഹാരിസ് സെയ്നി, ടി.എം.സി. ഇബ്രാഹിം, ജുനൈദ് മൂപ്പൻ്റകത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി.അബ്ദുല്ല, അംഗം കെ.ഷുക്കൂർ, മഹൽ എജുക്കേഷൻ ഗൈഡൻസ് കൺവീനർ എം.ടി.പി. റഫീഖ് എന്നിവർ നേതൃത്വം നൽകി.