കേരളം
പിലിക്കോട് രണ്ടാം വാര്‍ഡില്‍ ഉള്‍പ്പടെ സംസ്ഥാനത്ത് 38 വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28 തിങ്കളാഴ്ച :
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. കാസറഗോഡ് ജില്ലയില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 02 പിലിക്കോട് സ്ത്രീ സംവരണം ആണ് വോട്ടെടുപ്പ് നടക്കുന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. ഇതില്‍ 64 പേര്‍ പുരുഷന്മാരും 62 സ്ത്രീകളുമുണ്ട്. പാലക്കാടാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ ജനപിന്തുണ തേടുന്നത്. ഏഴ് വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ജില്ലയില്‍ 23 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. 385 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു.
വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖയായി സമ്മതിദായകര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / പോസ്റ്റ് ഓഫീസില്‍ നിന്ന് ആറു മാസത്തിനകത്ത് ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാര്‍ / എം എല്‍ എ /എം പി എന്നിവരുടെ ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഇത്തവണ തിരിച്ചറിയല്‍ രേഖയായി കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപ തിരഞ്ഞെടുപ്പ്. 309713 വോട്ടര്‍മാരുള്ള അന്തിമ പട്ടികയില്‍, 164241 സ്ത്രീകളും 145468 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുമുണ്ട്. പട്ടിക കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
12 ജില്ലകളിലെ രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍), മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് കാര്യക്ഷമമായി നടത്താന്‍ ക്രമസമാധാനപാലനത്തിന് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫിയും പ്രത്യേക പോലീസ് സുരക്ഷയും ഉറപ്പാക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.തിരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭിക്കും.
സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബര്‍ 29 നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം.