കേരളം
ചിറകുള്ള കൂട്ടുകാര്‍ക്കൊപ്പം ഒരു യാത്ര പ്രകൃതി പഠന യാത്രയും ഇക്കോ ക്ലബ് ഉദ്ഘാടനവും
തൃക്കരിപ്പൂര്‍: നാലാം ക്ലാസിലെ പരിസരപഠന പാഠഭാഗവുമായി ബന്ധപ്പെടുത്തി എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രലിലെ വിദ്യാര്‍ത്ഥികള്‍ക്കായി 'ചിറകുള്ള കൂട്ടുകാര്‍ക്കൊപ്പം ഒരു യാത്ര' എന്ന പേരില്‍ പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഭാഗമായി പക്ഷിനിരീക്ഷണ ക്ലാസും സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.
പാഠപുസ്തകത്തിലെ അറിവുകള്‍ക്കപ്പുറം പ്രകൃതിയെയും ചുറ്റുപാടുകളിലെ പക്ഷിലോകത്തെയും നേരിട്ടറിഞ്ഞ് പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും പക്ഷിനിരീക്ഷണ ക്ലാസും പ്രമുഖ ആര്‍ക്കിടെക്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്യാംകുമാര്‍ പുറവങ്കര നിര്‍വഹിച്ചു. വിവിധയിനം പക്ഷികള്‍, അവയുടെ സവിശേഷതകള്‍, പ്രകൃതിയുടെ തുലനാവസ്ഥയില്‍ അവ വഹിക്കുന്ന പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പക്ഷികളെ നിരീക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കുട്ടികള്‍ക്ക് നേരിട്ടുള്ള അനുഭവമായി.
പ്രധാനാധ്യാപകന്‍ കെ.രാജേഷ് കുമാര്‍, അധ്യാപകരായ എന്‍ വി അനുഷ , സി അശ്വിനി , യു കെ റബീന , വി ഹരിത എന്നിവര്‍ സംസാരിച്ചു.