THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

പടന്ന വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറില്ല; സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ഥികള്‍ക്ക് ദുരിതം

Shareef Kooleri · 26-09-2026 11:05 AM IST

പടന്ന: പടന്ന വില്ലേജ് ഓഫീസില്‍ നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ഓഫീസ് ഇപ്പോള്‍ സ്ഥിരം വില്ലേജ് ഓഫീസറില്ലാത്ത അവസ്ഥയില്‍. തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ക്കാണ് നിലവില്‍ പടന്ന വില്ലേജ് ഓഫീസിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ടവര്‍ പ്രയാസത്തിലായിരിക്കുകയാണ്. പ്രത്യേകിച്ച് സ്‌കൂള്‍, കോളജ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി പരാതിയുണ്ട്. സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അടുത്തുവരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത വൈകുന്നത് വിദ്യാര്‍ഥികളുടെ തുടര്‍നടപടികളെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പടന്ന വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള അപേക്ഷകരുടെ ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.