THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ലോക അല്‍ഷിമേഴ്‌സ് ദിനം: ജില്ലാതല ഉദ്ഘാടനവും പാലിയേറ്റിവ് നഴ്‌സുമാര്‍ക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു

Shareef Kooleri · 24-09-2026 04:38 PM IST

· Photo:
കാഞ്ഞങ്ങാട്: ലോക അല്‍ഷിമേഴ്സ് ദിനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ മാനസിക ആരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ധന്യ ദയാനന്ദ് അധ്യക്ഷയായി. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ്, കാസര്‍കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സെക്രട്ടറി ബി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് നഴ്‌സുമാര്‍, വളണ്ടിയര്‍മാര്‍, പ്രൈമറി, സെക്കന്‍ഡറി പാലിയേറ്റീവ് നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത് കൃഷ്ണന്‍ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പാനല്‍ ഡിസ്‌കഷനില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി നഴ്‌സിംഗ് ഓഫീസര്‍ കൃഷ്ണപ്രിയ, പ്രൊജക്റ്റ് ഓഫീസര്‍ ടി.കെ ഹര്‍ഷ, കൗണ്‍സിലര്‍മാരായ എ.അശ്വതി, വി.വി സജിന പങ്കെടുത്തു. അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ മാസം അല്‍ഷിമേഴ്സ് മാസമായും സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്സ് ദിനമായും ആചരിക്കുന്നത്. തലച്ചോറില്‍ ഓര്‍മകള്‍ സൂക്ഷിക്കുന്ന കോശങ്ങള്‍ പലവിധ കാരണങ്ങളാല്‍ നശിച്ചു പോകുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത്. പ്രായാധിക്യം, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം, തലോച്ചോറിനു ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സ്‌ട്രോക്ക്, വിറ്റാമിന് ബി 12, തയാമിന്‍ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകള്‍, തലച്ചോറിലെ മുഴകള്‍ എന്നിവയെല്ലാം ഡിമന്‍ഷ്യയുടെ കാരണങ്ങളാണ്. ഡിമേന്‍ഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്സ്. രോഗത്തെ പ്രതിരോധിക്കുന്നതിനായി ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, നല്ല ഭക്ഷണക്രമം, പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനനിവാര്യമായ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ സമൃദ്ധമായ ഭക്ഷണക്രമം ശീലിക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, ശരിയായരീതിയില്‍ ഉള്ള ഉറക്കം എന്നിവ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതാണ്.