കേരളം
ലോക കേരളസഭ പിരിച്ചുവിട്ടു, പ്രവാസികള്‍ക്കായി ബദല്‍ സംവിധാനം
മന്ത്രിസഭാ തീരുമാനങ്ങള്
തിരുവനന്തപുരം: കേരള പിറവിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 'ഫെസ്റ്റിവല്‍ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകള്‍, ടൂറിസം മേഖലയുടെ സാധ്യതകള്‍ എന്നിവ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഫെസ്റ്റിവല്‍ കേരളം സംഘടിപ്പിക്കുക. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണം, സാംസ്‌കാരിക ചര്‍ച്ചകള്‍, നിക്ഷേപക സംഗമം, ടൂറിസം സാധ്യതകളുടെ അവതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. രണ്ടാംഘട്ടത്തില്‍ വിദേശ രാജ്യങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കും. ഫെസ്റ്റിവല്‍ കേരളം നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് മന്ത്രി കണ്‍വീനറുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ പിരിച്ചുവിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുന്‍ തീരുമാനങ്ങള്‍ നടപ്പാക്കാത്തതും ഉയര്‍ന്ന ചെലവും കണക്കിലെടുത്താണ് തീരുമാനം. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവാസി വരുമാനം നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുമായി ബദല്‍ സംവിധാനം കൊണ്ടുവരും. പ്രവാസികളുടെ വരുമാനത്തെ 'റെമിറ്റന്‍സ് ഇക്കോണമി'യില്‍ നിന്ന് 'ഇന്‍വെസ്റ്റ്മെന്റ് ഇക്കോണമി'യിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികള്‍ പുതിയ സംവിധാനത്തിലൂടെ നടപ്പാക്കും. ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനായും വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളായും പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് റോഡപകടങ്ങളും അപകട മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ റോഡ് സുരക്ഷാ ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ക്യാമ്പയിന്‍ നടപ്പാക്കുക. വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കര്‍ശനമായ നിയമനടപടികളും ഒരേസമയം നടപ്പാക്കും. റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളില്‍ നിരവധി പേര്‍ ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവന്‍ ദുരിതം അനുഭവിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. നാടിന്റെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഈ ക്യാമ്പയിനില്‍ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. 98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മാത്രമായി ഇ എസ് എ പരിധി നിശ്ചയിക്കണമെന്നതാണ് കേരളത്തിന്റെ നിര്‍ദ്ദേശം. മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് നിലവിലെ സര്‍ക്കാരും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ എസ്എ നിജപ്പെടുത്തുമ്പോള്‍ ജനവാസ കേന്ദ്രങ്ങളും കാര്‍ഡമം ഹില്‍ ഏരിയയും പൂര്‍ണമായി ഒഴിവാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുക. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സമിതിയുമായി ഒരു ഘട്ട ചര്‍ച്ച ഇതിനകം നടത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും വിശദമായ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണക്കാക്കി പരിസ്ഥിതി വകുപ്പ് തയ്യാറാക്കുന്ന സമഗ്രമായ മാപ്പ് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പ്രസിദ്ധീകരിക്കും. മാപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷം പരാതികള്‍ ഉയര്‍ന്നുവന്നാല്‍ അവ പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ (സെപ്റ്റംബര്‍ 24) എറണാകുളത്ത് സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷത്തില്‍ സംസ്ഥാനത്തിന്റെ മാരിടൈം മേഖലയിലെ വികസന സാധ്യതകള്‍ സമഗ്രമായി ചര്‍ച്ചചെയ്യുമെന്നും ഇന്റര്‍നാഷണല്‍ മാരിടൈം മ്യൂസിയം, ഹെല്‍ത്ത് സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള വ്യാവസായിക പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.