THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ജീവനക്കാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുമെന്ന് മന്ത്രി റോജി എം ജോണ്

Shareef Kooleri · 24-09-2026 03:11 PM IST

· Photo:
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന സര്‍വീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക 'സര്‍വീസ് ക്ലിനിക്ക്' ആരംഭിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് ലയം ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ സര്‍വീസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. വകുപ്പിലെ ജീവനക്കാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മാത്രം ആയിരക്കണക്കിന് ഫയലുകളാണ് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നത്. അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള ഫയലുകള്‍ പോലും തീരുമാനമായിട്ടില്ല. അപേക്ഷകര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ വലിയൊരു ശതമാനവും ജീവനക്കാരുടെ സര്‍വീസുമായി ബന്ധപ്പെട്ടാണ്. ഈ വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനാണ് സര്‍വീസ് ക്ലിനിക് ആരംഭിക്കുന്നത്. ക്ലിനിക്കിന്റെ ഭാഗമായി ഇന്ന് മാത്രം 32 ഓളം ഫയലുകള്‍ പരിശോധിച്ച് പരമാവധി തീര്‍പ്പാക്കി. സാങ്കേതികമായി പ്രശ്‌നമുള്ളത് ധന, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട സെക്ഷനുകളില്‍ സര്‍വീസ് ക്ലിനിക്ക് പ്രവര്‍ത്തിക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍, സ്ഥാനക്കയറ്റം, പെന്‍ഷന്‍, സര്‍വീസ് ക്രമവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട തടസം പരിഹരിച്ച് ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യം. വകുപ്പിലെയും ധന, നിയമ വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. സര്‍വീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനും ക്ലിനിക്കിലൂടെ കഴിയും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി ജയപ്രകാശ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.