THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

പട്ടികജാതി–പട്ടികവർഗ–പിന്നാക്ക ക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ.എ. തുളസി

Shareef Kooleri · 17-10-2026 06:26 PM IST

എസ്.സി.–എസ്.ടി. പ്രമോട്ടർമാരുടെ നിയമന നടപടികൾ വേഗത്തിലാക്കും; ഫയൽ അദാലത്തിലൂടെ മുഴുവൻ ഫയലുകളും തീർപ്പാക്കാൻ നിർദേശം

കാസർകോട്: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകൾ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി കെ.എ. തുളസി നിർദേശിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ കാസർകോട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വർഷങ്ങളായി പൂർത്തീകരിക്കാതെ കിടക്കുന്ന പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഫയൽ അദാലത്ത് നടത്തി വകുപ്പുകളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണം. അർഹരായ ഗുണഭോക്താക്കൾക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. ഭവനനിർമാണ പദ്ധതി വകുപ്പ് നേരിട്ട് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മംഗളൂരുവിൽ പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനമുറി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും എ.കെ.എം. അഷറഫ് എം.എൽ.എയും ഉന്നയിച്ച വിഷയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ സംസ്ഥാനത്തിനകത്ത് പഠിക്കുന്ന വിദ്യാർഥികൾക്കാണ് പഠനമുറി അനുവദിക്കുന്നതെന്നും അവർ വ്യക്തമാക്കി. ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി, നിർവഹണത്തിലെ തടസ്സങ്ങൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് എന്നിവ യോഗം വിലയിരുത്തി. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മുൻഗണന നൽകണമെന്ന് എം.പിയും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. എസ്.സി.–എസ്.ടി. പ്രമോട്ടർമാരുടെ നിയമനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർദേശിച്ചു. പട്ടികവർഗ മേഖലകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കാനും കളക്ടർ നിർദേശിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എമാരായ എ.കെ.എം. അഷറഫ്, കല്ലട്ര മാഹിൻ, കെ. നീലകണ്ഠൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുള്ള കുഞ്ഞി ചെർക്കള, എം. ബാലൻ, സി.എം. മീനാകുമാരി, കാസർകോട് നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഹിമ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പട്ടികവർഗ വികസന ഓഫീസർമാരായ കെ. മധുസൂദനൻ, ജോ ഡേവിഡ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മനോഹരൻ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മേഖലാ ഓഫീസർ ബി. പ്രബിൻ, കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ (സ്പോർട്സ്) പ്രിൻസിപ്പൽ എന്നിവർ വകുപ്പുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.