THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കേരളത്തിന് 988.75 കോടിയുടെ റോഡ് വികസന സഹായം; 39 പദ്ധതികള്‍ക്ക് കേന്ദ്രാനുമതി; നിര്‍മാണം ഡിസംബറില്‍ തുടങ്ങും: മന്ത്രി പി.കെ. ബഷീര്

Shareef Kooleri · 31-10-2026 02:18 PM IST

മലബാറിന് 570 കോടി

സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികള്‍ക്ക് 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു. സെന്‍ട്രല്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (CRIF) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കാനാകും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി ഇതുസംബന്ധിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ച് അനുകൂല തീരുമാനം നേടിയെടുക്കാനായത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ മേജര്‍ ഡിസ്ട്രിക്ട് റോഡുകള്‍, ഓര്‍ഡിനറി ഡിസ്ട്രിക്ട് റോഡുകള്‍, കോര്‍പ്പറേഷന്‍ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റോഡുകളുടെ നവീകരണവും വികസനവുമാണ് ലക്ഷ്യമിടുന്നത്. കേന്ദ്രം അനുവദിച്ച 988.75 കോടി രൂപയില്‍ 570 കോടിയും മലബാര്‍ മേഖലയിലെ റോഡുകള്‍ക്കാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21 റോഡ് പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്തെ ആകെ പദ്ധതികളുടെ പകുതിയിലധികവും മലബാറിലാണ്. പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക അനുമതികള്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഡിസംബറില്‍ നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നിര്‍മാണത്തില്‍ ഗുണനിലവാരവും സമയക്രമവും ഉറപ്പാക്കും. ദേശീയപാതാ നിലവാരത്തിലുള്ള നിര്‍മാണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവൃത്തികള്‍ നടപ്പാക്കുക. ഗ്രാമീണ, നഗര റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതികള്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.