കേരളം
പാഠഭാഗം ജീവിതത്തിലേക്ക് പകര്‍ന്ന് 'രുചിമേളം'
തൃക്കരിപ്പൂര്‍: പാഠപുസ്തകത്തിലെ അറിവുകള്‍ ജീവിതാനുഭവങ്ങളാക്കി മാറ്റി പടന്ന ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഒരുക്കിയ പലഹാരമേള ശ്രദ്ധേയമായി. മലയാളം പാഠഭാഗമായ 'രുചിമേളം' ആസ്പദമാക്കി സംഘടിപ്പിച്ച മേള പഠനവും രുചിയും ഒത്തുചേര്‍ന്ന വേറിട്ട അനുഭവമായി.
വിവിധതരം പലഹാരങ്ങളുമായാണ് കുരുന്നുകള്‍ മേളയിലെത്തിയത്. അമ്മമാരോടൊപ്പം ചേര്‍ന്ന് പലഹാരങ്ങള്‍ തയ്യാറാക്കാനും ചുടാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. പലഹാരങ്ങള്‍ തയ്യാറാക്കുന്നതിനാവശ്യമായ ചേരുവകള്‍ പരിചയപ്പെടാനും പാചകരീതികള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാനും ഇതിലൂടെ സാധിച്ചു. അമ്മമാരുടെ കൈപിടിച്ച് പാചകത്തിന്റെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെട്ട കുട്ടികള്‍ക്ക് അടുക്കളയിലെ അറിവുകള്‍ നേരിട്ടുള്ള അനുഭവങ്ങളിലൂടെ സ്വായത്തമാക്കാനും കഴിഞ്ഞു.
പലഹാരങ്ങളുടെ പേരുകളും വൈവിധ്യവും പരിചയപ്പെടുന്നതിനൊപ്പം നിരീക്ഷണം, ആശയവിനിമയം, സഹകരണം, പങ്കുവെക്കല്‍ തുടങ്ങിയ കഴിവുകള്‍ വളര്‍ത്താനും മേള സഹായകമായി. അമ്മമാരുടെ സജീവ പങ്കാളിത്തം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പാചകപാരമ്പര്യത്തിന്റെ പ്രാധാന്യവും കുട്ടികള്‍ക്ക് പകര്ന്നുനല്കി.
പാഠഭാഗത്തെ കേവലം വായനയിലും പഠനത്തിലും ഒതുക്കാതെ പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിലൂടെ ജീവിതവുമായി ബന്ധിപ്പിച്ച 'രുചിമേളം' കുട്ടികള്‍ക്ക് ഏറെ ആഹ്ലാദകരമായ അനുഭവമായി. പാഠപുസ്തകത്തില്‍നിന്ന് പാചകപ്പുരയിലേക്കുള്ള ഈ പഠനയാത്ര അറിവിനൊപ്പം രുചിയും അനുഭവങ്ങളും പകര്ന്നുനല്കി. മേള സീനിയര്‍ അസിസ്റ്റന്റ് വി.ആശാലത ഉദ്ഘാടനം ചെയ്തു. ക്ലാസ് അധ്യാപികമാരായ എം.ശോഭ,രേഷ്മ എന്നിവര്‍ നേതൃത്വം നല്കി