THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

തട്ടിപ്പുകള്‍ക്കെതിരെ പ്രവാസികള്‍ക്ക് ശക്തമായ ബോധവത്കരണം ആവശ്യം :പ്രവാസി കമീഷന്‍*

Shareef Kooleri · 13-10-2026 07:39 PM IST

പ്രവാസി കമീഷന്‍ സിറ്റിങ്ങില്‍ 71 പരാതികള്‍ പരിഗണിച്ചു

കാസർകോട്: തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ പ്രവാസികള്‍ക്ക് ശക്തമായ ബോധവത്കരണം ആവശ്യമാണെന്ന് കേരള പ്രവാസി കമീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ്. കാസര്‍കോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി കമീഷന്‍ സിറ്റിങ്ങിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങില്‍ കൂടുതല്‍ ലഭിച്ചത്. വിദേശത്ത് പങ്കാളിത്ത ബിസിനസില്‍ പണമിറക്കുകയും അത് തിരിച്ച് ലഭിക്കാതിരിക്കുകയും ചെയ്ത നിരവധി കേസുകള്‍ പരിഗണനക്ക് വന്നു. എന്നാല്‍, പലരുടെയും കൈയില്‍ പണം കൈമാറിയതിന്റെയോ ബിസിനസ് പങ്കാളിത്തത്തിന്റെയോ കൃത്യമായ രേഖകളില്ല. എതിര്‍കക്ഷികളുടെ കൃത്യമായ വിലാസം പോലും പലരുടെയും കൈയിലില്ല. ഇത് പൊലീസിന് കേസെടുക്കുന്നതിന് പരിമിതിയുണ്ടാക്കുന്നു. ഇത്തരം കേസുകള്‍ പരിഹരിക്കുന്നതില്‍ കമീഷനും പ്രയാസങ്ങളുണ്ട്. എംബസി വഴിയും നോര്‍ക്ക പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും പരമാവധി കേസുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ജോലിയും പഠനാവസരവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ നിരവധി കേസുകളും പരിഗണനക്കെത്തി. പണം വാങ്ങിയ ശേഷം ഏജന്റുമാരുടെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ കിട്ടുന്നില്ല. ഉന്നത ബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. വിവിധ വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളില്‍നിന്ന് പണം കൈക്കലാക്കുന്ന സംഘടനകളെയും അഭിഭാഷകരെയും കുറിച്ചും പ്രവാസികള്‍ ബോധവാന്മാരാകണം. നോര്‍ക്ക പോലുള്ള സംവിധാനങ്ങളുടെ വെബ്‌സൈറ്റുകളും നമ്പറുകളുമെല്ലാം ഉപയോഗപ്പെടുത്തണം. ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും പ്രശ്‌നപരിഹാരങ്ങള്‍ക്കും മാധ്യമങ്ങളുടെ ഇടപെടല്‍ സഹായകമാകുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഉപയോഗപ്പെടുത്താനാവാത്തത് സംബന്ധിച്ച് കമീഷന് ലഭിച്ച പരാതിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. സിറ്റിങ്ങില്‍ 51 പഴയ പരാതികളും 20 പുതിയ പരാതികളുമടക്കം 71 കേസുകളാണ് പരിഗണിച്ചത്. കേരള പ്രവാസി കമീഷന്‍ അംഗങ്ങളായ പി.എം ജാബിര്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം നഈം, ജോസഫ് ദേവസ്യ പൊന്‍മാങ്കല്‍, കമീഷന്‍ സെക്രട്ടറി ആര്‍. ജയറാം കുമാര്‍ തുടങ്ങിയവരും സിറ്റിങ്ങില്‍ പങ്കെടുത്തു.