THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കായികദിനത്തിൽ സെപക് താക്റോ ഇൻറർനാഷണൽ പ്ലയർ ശ്രേയബാബുവിനെ ആദരിച്ചു

Shareef Kooleri · 13-10-2026 06:07 PM IST

തൃക്കരിപ്പൂർ: സംസ്ഥാന കായികദിനത്തിൽ ഉദിനൂർ കsപ്പുറം ജി എഫ് യു പി സ്കൂൾ  'കായിക പ്രവർത്തനത്തിലൂടെ ഒരു പുതിയ സമൂഹസൃഷ്ടി' എന്ന ലക്ഷ്യത്തോടെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ അംഗങ്ങൾ, അധ്യാപകർ, ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ കായിക താരങ്ങൾ എന്നിവരെ അണിനിരത്തിക്കൊണ്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഈ വർഷം ശ്രീലങ്കയിലും തായ്ലൻറിലും നടന്ന രണ്ടുവേൾഡ്  ചാമ്പ്യൻഷിപ്പിൽ ഗോൾഡു മെഡൽ ജേതാവും നിലവിൽ പയ്യന്നൂർ കോളേജ് രണ്ടാംവർഷ എം എസ് സി ബോട്ടണി വിദ്യാർത്ഥിനിയുമായ കുമാരി ശ്രേയ ബാബുവാണ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. കായിക ദിനത്തിൻ്റെ പ്രാധാന്യം വിശദീകരിക്കും വിധത്തിൽ  സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദ് പേക്കടം ആമുഖഭാഷണം നടത്തി. ചെറുവത്തൂർ ഉപജില്ല കായികമേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ നിവേദ്യ എം, ഹർഷിമ ഗോവിന്ദ് കെ വി എന്നീ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ കായിക ചുമതലയുള്ള ബാബുരാജ് അപ്യാൽ സ്വാഗതം ആംശസിച്ച  ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷാജി ഇ കെ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻറ് മനോജ് ടി വി നന്ദി പറഞ്ഞു.