THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ത്തരവിറങ്ങി മാസങ്ങളായിട്ടും സോഷ്യല്‍ വര്‍ക്ക് ക്ലാസ് ആരംഭിച്ചില്ല: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദുരിതത്തില്

Shareef Kooleri · 05-10-2026 12:25 PM IST

തൃക്കരിപ്പൂര്‍: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹ്യുമാനിറ്റീസ് അധിക ബാച്ചിന്റെ കോഴ്‌സ് കോഡ് 11-ല്‍ നിന്ന് 16 ആക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി രണ്ട് മാസം പിന്നിട്ടിട്ടും നടപടി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് സോഷ്യല്‍ വര്‍ക്ക് വിഷയത്തിന്റെ ക്ലാസ് ആരംഭിച്ചില്ലെന്ന് പരാതി. തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷം താല്‍ക്കാലിക ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചായി ഹ്യുമാനിറ്റീസ് കോഴ്‌സ് കോഡ് 11 അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പി.ടി.എയുടെ ആവശ്യവും സ്‌കൂളിന്റെ സാഹചര്യം പരിഗണിച്ച്, കോഴ്‌സ് കോഡ് 11-ന് പകരം ഹ്യുമാനിറ്റീസ് കോഴ്‌സ് കോഡ് 16 അനുവദിച്ച് 2026 ജൂലൈ 29ന് സര്‍ക്കാര്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വ്യക്തമായ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ അധിക ബാച്ചിന്റെ കോഴ്‌സ് കോഡ് 11-ല്‍ നിന്ന് 16 ആയി മാറ്റിയിട്ടില്ലെന്ന സാങ്കേതികത്വം പറഞ്ഞു സോഷ്യല്‍ വര്‍ക്ക് വിഷയത്തിന്റെ ക്ലാസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ച് ഏറെ നാള്‍ പിന്നിട്ടിട്ടും ഒരു പ്രധാന വിഷയത്തിന്റെ പഠനം ആരംഭിക്കാന്‍ കഴിയാത്തത് വിദ്യാര്‍ഥികളുടെ അക്കാദമിക പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന്റെ ക്ലാസ് നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. കോഴ്‌സ് മാറ്റവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പലതവണ വിഷയം കൊണ്ടുവന്നിട്ടും നടപടി വൈകുന്നതാണ് ആശങ്കയ്ക്ക് കാരണമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ കോഴ്‌സ് കോഡ് 11-ല്‍ നിന്ന് 16 ആയി മാറ്റുകയും സോഷ്യല്‍ വര്‍ക്ക് വിഷയത്തില്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ പഠന സമയം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.