THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

14 കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 46 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

Shareef Kooleri · 30-09-2026 07:41 PM IST

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിനതടവും 62,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശിയായ സലിം പി.എ. (36) നെയാണ് ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് സുരേഷ് പി.എം. ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും രണ്ടു മാസവും അധിക തടവ് അനുഭവിക്കണം. 2022 ജൂൺ 2-നാണ് സംഭവം നടന്നത്. മേല്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച്, സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ച് 14 വയസ്സുള്ള പെൺകുട്ടിയെ പ്രതി സ്വന്തം മോട്ടോർസൈക്കിളിൽ കയറ്റുകയായിരുന്നു. തുടർന്ന് സ്കൂളിൽ വിടാതെ, കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ആദൂർ ഭാഗത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശിക്ഷാവിവരങ്ങൾ: പോക്സോ ആക്ട് 6(1) 30 വർഷം കഠിനതടവും 50,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്). ഐ.പി.സി 370(4) 10 വർഷം കഠിനതടവും 10,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്). ഐ.പി.സി 354(A)(2): 3 വർഷം കഠിനതടവും 1,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 1 മാസം അധിക തടവ്). ഐ.പി.സി 354(B): 3 വർഷം കഠിനതടവും 1,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 1 മാസം അധിക തടവ്). മേല്പറമ്പ പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ കെ. ദാമോദരനാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേല്പറമ്പ സി.ഐയും നിലവിൽ ഡിവൈ.എസ്.പിയുമായ ടി. ഉത്തംദാസ് ആണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരനും എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിയിൽ എ.എസ്.ഐമാരായ ശോഭന, ഗീത എന്നിവരും ഹാജരായി.