കേരളം
കുറ്റിക്കോൽ 110 കെ.വി. സബ് സ്റ്റേഷൻ ഉദ്ഘാടനം ഒക്ടോബർ ഒന്നിന്; മന്ത്രി അഡ്വ. സണ്ണി ജോസഫ് നാടിന് സമർപ്പിക്കും
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഊർജ്ജമേകുന്ന കുറ്റിക്കോൽ 110 കെ.വി. സബ് സ്റ്റേഷൻ പ്രവർത്തനസജ്ജമായി. സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഒക്ടോബർ 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് വലിയപാറയിലുള്ള സബ് സ്റ്റേഷൻ പരിസരത്ത് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും.
കെ. നീലകണ്ഠൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ എസ് ശിവദാസ്. റിപ്പോർട്ട് അവതരിപ്പിക്കും. മുൻ എം.എൽ.എ. സി. എച്ച്. കുഞ്ഞമ്പു, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ.കെ., ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ പായം, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രശാന്ത്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-വ്യാപാര രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ സംസാരിക്കും. കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. എം. ജി. രാജമാണിക്യം സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ,കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ (ട്രാൻസ്മിഷൻ - നോർത്ത്) ഷാജി സുധാകരൻ കൃതജ്ഞത രേഖപ്പെടുത്തും.
സംസ്ഥാനത്തെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി.യും സംയുക്തമായി നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ സബ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കിയിട്ടുള്ളത്.