കേരളം
കാസറഗോഡ് വികസന പാക്കേജില്‍ 21.76 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതിയായി
കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ റോഡ് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമായി കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ആകെ 21.76 കോടി രൂപയുടെ 7 റോഡ് വികസന പദ്ധതികള്‍ക്ക് 25 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി ജില്ലാ തലത്തില്‍ അനുമതി നല്‍കുന്നതിന് തീരുമാനമായി. ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന കാസറഗോഡ് വികസന പാക്കേജിന്റെ ജില്ലാതല യോഗത്തില്‍ 21.76 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.
പദ്ധതികള്‍
1) നീലേശ്വരം ബ്ലോക്ക് ഓഫീസ്പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്കൂക്കോട് കയ്യൂര്‍ സ്മാരകം റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ മെച്ചപ്പെടുത്തുന്നതിനായി 3 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭ്യമാക്കിയിട്ടുള്ളത്. കാസറഗോഡ് ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ഈ റോഡിന്റെ 5 മീറ്റര്‍ വീതിയും 2.200 കിലോമീറ്റര്‍ നീളവുമുള്ള നിര്‍മ്മാണമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കയ്യൂര്‍ കയാക്കിംഗ് പാര്‍ക്കും പാലായി ഷട്ടര്‍ കം ബ്രിഡ്ജും സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. നിലവിലുള്ള റോഡിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്ന് കുഴികള്‍ നിറഞ്ഞ നിലയില്‍ ആയതിനാലും, അപര്യാപ്തമായ നടപ്പാത, ഡ്രൈനേജ് സംവിധാനത്തിന്റെ അഭാവം തുടങ്ങിയവ മൂലവും യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ജനങ്ങള്‍ അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും, വിദ്യാഭ്യാസം, ആശുപത്രി, മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കായും ഈ റോഡിനെ ആശ്രയിക്കുന്നു.
2) കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപ്പാറമുക്കട റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 3.80 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്. സാധാരണക്കാരായ ജനങ്ങള്‍ അധിവസിക്കുന്നതും ഗതാഗത സൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ നിലവിലുള്ള റോഡുകളുമായി ബന്ധിപ്പിക്കുന്നതിനാണ് പുതിയ റോഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1.900 കിലോ മീറ്റര്‍ നീളമുള്ള റോഡ് കാലിച്ചാമരംപുലിയന്നൂര്‍ സ്‌കൂള്‍ റോഡിനെയും മുക്കട ജണഉ റോഡിനെയും ബന്ധിപ്പിക്കും. നിലവില്‍ ദുര്‍ഘടമായ കുന്നിന്‍പാതകളിലൂടെ കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്ന പ്രദേശവാസികള്‍ക്ക് പുതിയ റോഡ് വലിയ ആശ്വാസമാകും. പ്രദേശത്തിന്റെ ഭൂപ്രകൃതി പരിഗണിച്ച് ആവശ്യമായ കല്‍വര്‍ട്ടുകളും ഡ്രൈനേജ് സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3) ബോവിക്കാനംബേവിഞ്ചെ റോഡ് ചെ. 3/000 മുതല്‍ 4/200 വരെയുള്ള ഭാഗത്ത് റോഡ് അഭിവൃദ്ധിപ്പെടുത്തലും, ചെ. 3/000 മുതല്‍ 5/000 വരെയുള്ള ഭാഗത്ത് പാര്‍ശ്വ സംരക്ഷണ പ്രവൃത്തികള്‍ക്കുമായി 4.50 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്. ചെര്‍ക്കള -ജാല്‍സൂര്‍ ഇന്റര്‍സ്റ്റേറ്റ് ഹൈവേ റോഡിലെ ബോവിക്കാനം എട്ടാം മൈലില്‍ നിന്ന് ആരംഭിച്ച് ബേവിഞ്ചെയില്‍ അവസാനിക്കുന്ന റോഡിന്റെ 5 കിലോമീറ്റര്‍ നീളമുള്ള ഈ പ്രധാന റോഡിന്റെ വിവിധ ഭാഗങ്ങളിലെ തകര്‍ച്ച, കുഴികള്‍, അപര്യാപ്തമായ നടപ്പാത, ഡ്രൈനേജ് സംവിധാനത്തിന്റെ അഭാവം എന്നിവ പരിഹരിച്ച് റോഡിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
4) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന്‌മൊഗര്‍ മസ്ജിദ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 2.23 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്. ഏകദേശം 1.900 കിലോ മീറ്റര്‍ നീളമുള്ള ഈ തീരദേശ റോഡിന്റെ നിലവിലുള്ള ഭാഗികമായി തകര്‍ന്ന ആഠ, കോണ്‍ക്രീറ്റ് റോഡുകള്‍ക്ക് പകരം 5 മീറ്റര്‍ വീതിയില്‍ സിംഗിള്‍ ലെയ്ന്‍ കാരിയേജ് വേ നിര്‍മ്മിക്കുന്നതിനാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ ആശ്രയിക്കുന്നതാണ് ഈ റോഡ്.
5) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചൗക്കികുന്നില്‍മജല്‍ഉജിര്‍ക്കര റോഡിന്റെ ബാലന്‍സ് പോര്‍ഷന്‍ മെച്ചപ്പെടുത്തുന്നതിനായി 1.93 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്. 1.400 കിലോ മീറ്റര്‍ നീളവും ശരാശരി 5.50 മീറ്റര്‍ വീതിയുമുള്ള ഈ റോഡിന്റെ വികസനം വിനോദസഞ്ചാരം, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് സഹായകരമാകും.
6) അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചിത്താരിചാലിങ്കല്‍ ജില്ലാ പഞ്ചായത്ത് റോഡില്‍ മക്കാഡം ടാറിംഗ് നടത്തുന്നതിനായി 4.3 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്. കാഞ്ഞങ്ങാട്കാസറഗോഡ് തീരദേശ സംസ്ഥാന പാതയെയും ചഒ 66 നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. നാറ്റ്പാക്കിന്റെ ഡിസൈന്‍ പ്രകാരം തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് കാഞ്ഞങ്ങാട് കാസറഗോഡ് തീരദേശ സംസ്ഥാന പാതയെയും എന്‍.എച്ച് 66 നെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്നായ ഈ റോഡ് ചാമുണ്ഡിക്കുന്നില്‍ ആരംഭിച്ച് ചാലിങ്കലില്‍ അവസാനിക്കുന്നു. 0/000 മുതല്‍ 2/535 വരെയുള്ള റോഡിന്റെ ബി.എം ആന്‍ഡ് ബി.സി പ്രവൃത്തി ഉള്‍പ്പെട്ട പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതമുള്‍പ്പെടെ ആകെ അടങ്കല്‍ തുക 4.3 കോടി രൂപയാണ്.
7) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഗേറുകട്ടവോര്‍ക്കാടി റോഡില്‍ ചെ 0/000 മുതല്‍ 1/600 വരെയുള്ള ഭാഗത്ത് ബി.എം ആന്‍ഡ് ബി.സി പ്രവൃത്തിയായി 2.00കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്. ആകെ 5 കിലോമീറ്റര്‍ നീളമുള്ള ഈ ഗ്രാമീണ റോഡ് ഗോവിന്ദപൈ നെത്തിലപദവ് റോഡില്‍ നിന്ന് ആരംഭിച്ച് ബേക്കറി റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ തകര്‍ച്ചയും ചെറുതും വലുതുമായ കുഴികളും നിലനില്‍ക്കുന്നുണ്ട്. മതിയായ നടപ്പാതയും ഡ്രൈനേജ് സംവിധാനവും ഇല്ലാത്തതിനാല്‍ മഴക്കാലത്ത് യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അപകടസാധ്യതയും കുറയ്ക്കുന്നതിനും റോഡിന്റെ ഗതാഗത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലയിലെ മേല്‍ നിര്‍ദ്ദേശിച്ച റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പിന്നാക്ക പ്രദേശങ്ങളുടെ വികസനം ഉറപ്പുവരുത്തുന്നതിനും, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കാര്‍ഷിക വിപണനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ദൈനംദിന യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും പദ്ധതികള്‍ സഹായകരമാകുമെന്ന് കാസറഗോഡ് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രന്‍ അറിയിച്ചു. പദ്ധതികള്‍ ബന്ധപ്പെട്ട നിര്‍വഹണ ഏജന്‍സികളുടെ നേതൃത്വത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് വിവിധ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥരായ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.