THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കാസര്‍കോട് പുരാവസ്തു സര്‍വ്വേ ഒക്ടോബര്‍ 1-ന് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും

Shareef Kooleri · 28-09-2026 11:03 AM IST

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്ന വിപുലമായ കാസര്‍കോട് പുരാവസ്തു സര്‍വ്വേയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നീലേശ്വരം എന്‍.കെ.ബി. മെമ്മോറിയല്‍ ഹാളില്‍ (ഹൗസിങ് സൊസൈറ്റി) നടക്കും. കായിക, യുവജനകാര്യം, രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി. ഒ.ജെ. ജനീഷ് സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തൃക്കരിപ്പൂര്‍ എം.എല്‍.എ. സന്ദീപ് വാര്യര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോട്ടകളുടെ നാടായ കാസര്‍കോട് പ്രദേശത്തിന്റെ ചരിത്ര വേരുകള്‍ ശിലായുഗത്തോളം ആണ്ടുകിടക്കുന്നതാണ്. ശിലായുഗത്തെത്തുടര്‍ന്നുള്ള ഇരുമ്പുയുഗത്തിലെ മഹാശിലാസ്മാരകങ്ങളായ ചെങ്കല്‍ഗുഹകളും കുടക്കല്ലുകളും കൊണ്ട് അതീവ സമ്പന്നമായ പ്രദേശം കൂടിയാണിത്. ആലുപരുടെയും നാട്ടുവാഴികളുടെയും വിജയനഗരത്തിന്റെയും ഇക്കേരി നായ്ക്കന്മാരുടെയും യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെയും ഭരണത്തിന്‍ കീഴിലൂടെ കടന്നുവന്ന കാസര്‍കോടിന്റെ പ്രാചീന ചരിത്രാവശിഷ്ടങ്ങള്‍ അടയാളപ്പെടുത്തുന്നതിനും സമഗ്രമായി ഡോക്യുമെന്റ് ചെയ്യുന്നതിനുമാണ് ഈ വിപുലമായ സര്‍വ്വേ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ.മാരായ എ.കെ.എം. അഷ്‌റഫ് (മഞ്ചേശ്വരം), കല്ലട്ര മാഹിന്‍ (കാസര്‍കോട്), കെ. നീലകണ്ഠന്‍ (ഉദുമ), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (കാഞ്ഞങ്ങാട്), ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, വാര്‍ഡ് കൗണ്‍സിലര്‍ വി.വി. രാധ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍ സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ സര്‍വ്വേ കോ-ഓര്‍ഡിനേറ്റര്‍ കെ. കൃഷ്ണരാജ് നന്ദി രേഖപ്പെടുത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 1 രാവിലെ 10 മണിക്ക് 'പുരാവസ്തു സര്‍വ്വേ-രീതികളും പ്രയോഗവും' എന്ന വിഷയത്തില്‍ തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റി റിട്ട. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി. സെല്‍വകുമാര്‍ നയിക്കുന്ന പ്രത്യേക പഠന ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്