കേരളം
തെരുവ് നായ ഭീഷണി ഒപ്പുശേഖരണ നിവേദനം നല്‍കി നാട്ടുകാര്
തെരുവ് നായ ഭീഷണി ഒപ്പുശേഖരണ നിവേദനം നല്‍കി നാട്ടുകാര്
തൃക്കരിപ്പൂര്‍: പഞ്ചായത്തിലെ വള്‍വക്കാട്, കാരോളം, മൈതാനി മേനോക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ഭീഷണി രൂക്ഷമായതോടെ അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. പ്രദേശവാസികള്‍ ഒപ്പിട്ടു തയ്യാറാക്കിയ നിവേദനം തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഗ്രാമവാസപ്രധിനിധികളായ ഇബ്രാഹിം മൂപ്പന്റകത്ത്, മുന്‍പഞ്ചായത്ത് മെംബര്‍ എന്‍.അബ്ദുല്ല, കെ.പി.പി മുഹമ്മദ് കുഞ്ഞി, റസാഖ് കാരോളം എന്നിവര്‍ ചേര്‍ന്ന് കൈമാറി. റോഡുകളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കൂട്ടം തമ്പടിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും, വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നായ്ക്കളുടെ ആക്രമണം ഭയന്ന് ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. പ്രദേശത്തെ തെരുവ് നായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ തെരുവ് നായ്ക്കളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ ഉള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം കൈക്കൊള്ളണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ആക്രമണകാരികളും അപകടകാരികളുമായ തെരുവ് നായ്ക്കളെ നിയന്ത്രണ വിധേയമാക്കാനും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായവയ്ക്ക് ദയാവധം നടപ്പാക്കാനും സുപ്രിം കോടതി ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിവേദനത്തിലെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും പ്രശ്നപരിഹാരത്തിന് സ്ഥിരം സംവിധാനമൊരുക്കാമെന്നും പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നല്‍കി. സന്ദീപ് വാര്യര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പ് സമര്‍പ്പിച്ചിട്ടുണ്ട്.