കേരളം
പടന്ന എം.ആര്‍.വി.എച്ച്.എസ്. സ്‌കൂള്‍ കെട്ടിടത്തിന് മന്ത്രി ശിലയിട്ടു
ലോക ഫുട്‌ബോള്‍ മത്സര ഫൈനല്‍ ദിവസം അവധി പ്രഖ്യാപിച്ചതില്‍ മാത്രമല്ല നവീന ആശയങ്ങള്‍ നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. പടന്ന വി.കെ.പി ഖാലിദ് ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശീലസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
തൃക്കരിപ്പൂര്‍: ലോക ഫുട്‌ബോള്‍ മത്സര ഫൈനല്‍ ദിവസം അവധി പ്രഖ്യാപിച്ചതില്‍ മാത്രമല്ല നവീന ആശയങ്ങള്‍ നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. പടന്ന വി.കെ.പി ഖാലിദ് ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശീലസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയറുകള്‍ ആരംഭിച്ചതും ഹൈസ്‌കൂളുകളില്‍ എ ഐ പഠനം സാധ്യമാക്കിയതും ഇതിന്റെ ഭാഗമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മേഖലയിലെ ആധുനിക അടിസ്ഥാന സൗകര്യ വികസനം നാടിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിജ്ഞാനവും മികച്ച പഠനാന്തരീക്ഷവും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദീപ് വാര്യര്‍ എം.എല്‍.എ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ അഡ്വ. ടി.എം.സി. കുഞ്ഞബ്ദുല്ല സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി സുബൈദ, പടന്ന ജമാഅത്തുല്‍ ഇസ്ലാം ദര്‍സ് മഹല്ല് പരിപാലന കമ്മിറ്റി പ്രസിഡന്റ് ഇന്‍-ചാര്‍ജ്ജ് കെ.എം ഷംസുദ്ദീന്‍ ഹാജി, ജനറല്‍ സെക്രട്ടറി യു.കുഞ്ഞുമൊയ്തീന്‍ കുട്ടി ഹാജി, ഉന്നതാധികാര സമിതി കണ്‍വീനര്‍ എന്‍.ബി ഹൈദര്‍ ഹാജി, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി.കെ.സി റഊഫ് ഹാജി, ട്രഷറര്‍ പി.കെ.സി നാസര്‍ ഹാജി, വൈസ് പ്രസിഡന്റ് വി.കെ.പി ഇസ്മായില്‍ ഹാജി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.സി ശിഹാബ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍.പി നാസര്‍, പ്രധാന അധ്യാപിക വി.കെ. ശശികല, വാര്‍ഡ് മെംബര്‍ വി.കെ കുഞ്ഞബ്ദുല്ല ബോംബൈ, പടന്ന മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. റഹ്മാന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി.കെ.സി മുഹമ്മദലി ഹാജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റു ജനപ്രതിനിധികള്‍ സംസാരിച്ചു.