കേരളം
വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണം: വക്കീല്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്
കണ്ണൂര്‍: വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍. സഹോദരിയുടെ മകന്‍ ഇ പി ശ്യാംജിത്തിനും വാര്‍ത്ത പുറത്തുവിട്ട ചാനലിനും ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
സിഎംആര്‍എല്‍ എംഡിയായിരുന്ന ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇ.പി. ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വൈദേകത്തില്‍ നിക്ഷേപിച്ചതെന്നായിരുന്നു ഇപിയുടെ സഹോദരിയുടെ മകന്‍ ശ്യാംജിത്തിന്റെ ആരോപണം. സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ഒരാള്‍ക്ക് എത്ര രൂപ ആനുകൂല്യമായി കിട്ടുമെന്നും ഇതാണോ പി കെ ഇന്ദിര വൈദേകത്തില്‍ നിക്ഷേപിച്ചതെന്നും ആയിരുന്നു ചോദ്യം. ശ്യാംജിത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് വൈദേകം മാനേജ്‌മെന്റ്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ വൈദേകത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പൊലീസില്‍ പരാതിയും നല്‍കി. ഇതിന്റെ പ്രതികാരമാകാം ആരോപണത്തിന് പിന്നിലെന്നാണ് വൈദേകം മാനേജ്‌മെന്റിന്റെ പ്രതികരണം.