THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്: കാസറഗോഡ് ജില്ലയിൽ പോലീസ് പരിശോധന ശക്തം

Shareef Kooleri · 29-10-2026 07:57 PM IST

രണ്ട് ദിവസങ്ങളിലായി 30 കേസുകൾ രജിസ്റ്റർ ചെയ്തു

കാസറഗോഡ്: ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് തടയുന്നതിനായി ജില്ലാ പോലീസ് പ്രത്യേക പരിശോധന (Special Drive against Juvenile Drive) ഊർജ്ജിതമാക്കി. 2026 ഒക്ടോബർ 27, 28 തീയതികളിലായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെയും ട്രാഫിക് യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടത്തിയ കർശന വാഹനപരിശോധനയിൽ 30 നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു. ഒക്ടോബർ 27-ന് ജില്ലയിലുടനീളം 13 നിയമലംഘനങ്ങൾ കണ്ടെത്തി. കുമ്പള സ്റ്റേഷൻ പരിധിയിൽ നാല് കേസുകളും മഞ്ചേശ്വരം പരിധിയിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. കൂടാതെ ബേഡകം, മേൽപറമ്പ്, രാജപുരം, ഹോസ്ദുർഗ്, നീലേശ്വരം, ചന്തേര, ചിറ്റാരിക്കാൽ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതവും പിടികൂടി. തുടർന്ന് ഒക്ടോബർ 28-ന് നടത്തിയ പരിശോധനയിൽ 17 കേസുകൾ കൂടി കണ്ടെത്തുകയും ചെയ്തു. രണ്ടാം ദിനം കുമ്പളയിൽ മൂന്നും ബദിയടുക്ക, വിദ്യാനഗർ, മേൽപറമ്പ്, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ രണ്ട് വീതവും കാസർഗോഡ് ടൗൺ, ആദൂർ, ബേക്കൽ, രാജപുരം, നീലേശ്വരം, ചന്തേര എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്ന ആർ.സി. ഉടമകൾക്കെതിരെയും രക്ഷിതാക്കൾക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.