കേരളം
വിദ്യാഭ്യാസ ഉപഡയറക്ടറെ അടിയന്തരമായി നിയമിക്കണം : എം.എസ്.എഫ്
കാസർകോട് : ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ദീർഘകാല അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ, ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ സുഗമമായും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടുപോകുന്നതിന് പൂർണ ചുമതലയുള്ള ഉദ്യോഗസ്ഥനെ അടിയന്തരമായി നിയമിക്കണമെന്ന് എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാതല സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, അറബിക് സാഹിത്യോത്സവം തുടങ്ങി വിദ്യാർത്ഥികളുടെ പങ്കാളിത്തവും വിദ്യാഭ്യാസപരമായ പ്രാധാന്യവും ഏറെയുള്ള പരിപാടികളുടെ ഒരുക്കങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അഭാവം ഭരണപരമായ ഏകോപനത്തെയും പ്രവർത്തനങ്ങളുടെ സമയബന്ധിതമായ നടത്തിപ്പിനെയും ബാധിക്കാനിടയുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണം. ജില്ലയുടെ വിദ്യാഭ്യാസ ഭരണസംവിധാനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ പൂർണ അധികാരവും ചുമതലയുമുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീൻ കുന്നുംകൈ, ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ എന്നിവർ ആവശ്യപ്പെട്ടു.