THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

സാക്ഷരതാമിഷന്‍ തുല്യതാകോഴ്സുകളില്‍ 1317 പഠിതാക്കള്

Shareef Kooleri · 28-10-2026 02:36 PM IST

കാസര്‍കോട്: സാക്ഷരതാമിഷന്റെ വിവിധ തുല്യതാകോഴ്‌സുകളിലേക്ക് ജില്ലയില്‍ നിന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1317 പഠിതാക്കള്‍. എല്ലാ കോഴ്‌സുകളിലേക്കും കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടുതല്‍ പഠിതാക്കളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക തുല്യതാകോഴ്‌സായ നാലാംതരത്തിന് 76 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴാംതരത്തിന് 115 പേര്‍ ചേര്‍ന്നു. പത്താംതരം തുല്യതാ കോഴ്‌സിലേക്ക് ഇത്തവണ ചേര്‍ന്നത് 611 പേരാണ്. കഴിഞ്ഞതവണ 395 പേരാണ് അപ്രൂവല്‍ നേടിയത്. ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സിലേക്ക് 515 പേര്‍ രജിസ്റ്റര്‍ ചെയ്തു. പഞ്ചായത്ത്, നഗരസഭ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാപ്രേരക്മാരാണ് തുല്യതാകോഴ്‌സുകളിലേക്ക് പഠിതാക്കളെ കണ്ടെത്തി രജിസ്‌ട്രേഷന്‍ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പത്തേമാരി എന്ന പേരില്‍ സമ്പൂര്‍ണ്ണ പത്താംതരം തുല്യതാപദ്ധതി ഏറ്റെടുത്തിരുന്നു. ഇപ്രകാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴ്‌സ് ഫീസ് അടയ്ക്കുന്നതിനാലാണ് പഠിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചത്. അഡ്മിഷന്‍ ഫീസും കോഴ്‌സ് ഫീസും ഉള്‍പ്പെടെ 2600 രൂപയാണ് ഹയര്‍ സെക്കന്‍ഡറി കോഴ്‌സിനുള്ളത്. പത്താം തരത്തിന് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉള്‍പ്പെടെ 1950 രൂപയുയാണ്. ഇത്രയും തുക പഞ്ചായത്ത് പദ്ധതിവഴി നല്‍കുന്നത് പഠിതാക്കള്‍ക്ക് വലിയ ആശ്വാസമായി. 5 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പത്തേമാരി പദ്ധതിക്കായി വകയിരുത്തിയത്. തുല്യതാ പഠിതാക്കള്‍ക്ക് ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സമ്പര്‍ക്കപഠനക്ലാസുകള്‍ ഉണ്ടായിരിക്കും. 60% ഹാജര്‍ നിര്‍ബന്ധമാണ്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകള്‍ തുല്യതാകോഴ്‌സിന്റെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളായിരിക്കും. തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ 31 ന് അവസാനിക്കും. വിശദവിവരങ്ങള്‍ക്ക് കാസറഗോഡ് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ വിവിധ ഗ്രാമ പഞ്ചായത്ത് / നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത പ്രേരക്മാരുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.