കേരളം
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി നവംബര്‍ ഒന്‍പതിന്; വിചാരണ പൂര്‍ത്തിയായി
കൊച്ചി: രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി നവംബര്‍ 9-ന് വിധി പ്രസ്താവിക്കും. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിധി പ്രഖ്യാപനത്തിനായുള്ള തീയതി കോടതി നിശ്ചയിച്ചത്.
എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സി.പി.എം നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് കണ്ണൂര്‍ തളിപ്പറമ്പിനടുത്തുള്ള ചുള്ളിയോട് വയലില്‍ രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ച് 'വിചാരണ' നടത്തിയ ശേഷമായിരുന്നു കൊലപാതകം.
കേസില്‍ സി.പി.എം നേതാക്കളായ പി. ജയരാജന്‍ (32ാം പ്രതി), ടി.വി. രാജേഷ് (33ാം പ്രതി) എന്നിവരുള്‍പ്പെടെ ആകെ 33 പ്രതികളാണുള്ളത്. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ദീര്‍ഘകാലത്തെ വിചാരണയ്ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷമാണ് കേസില്‍ ഇപ്പോള്‍ അന്തിമവിധി വരുന്നത്.