കേരളം
ക്യാമ്പസുകളില്‍നിന്ന് സംരംഭകത്വത്തിലേക്ക്; ജില്ലാഭരണകൂടം നേതൃത്വം നല്‍കുന്ന STEP UP പദ്ധതിക്ക് തുടക്കം
ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് പദ്ധതി പ്രകാശനം ചെയ്തു
കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ അഭിരുചി വളര്‍ത്തുന്നതിനും നൂതന ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാന്‍ ആവശ്യമായ അറിവും പിന്തുണയും ലഭ്യമാക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന STEP UP
പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രകാശനം ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ് നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ സാധ്യതകളും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി ഏറ്റെടുത്തിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പിന്തുണയുണ്ടാകണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സംരംഭക സഹായ പദ്ധതികള്‍, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതികളും ലൈസന്‍സ് നടപടിക്രമങ്ങളും, വിവിധ വകുപ്പുകള്‍ മുഖേന ലഭിക്കുന്ന ആനുകൂല്യങ്ങളും പിന്തുണാ സംവിധാനങ്ങളും സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബിരുദതലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ മേഖലയിലെ സാധ്യതകള്‍ പരിചയപ്പെടുത്തി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് കോളേജുകളില്‍ മാസം തോറും സംരംഭകത്വ വികസന സെമിനാറുകള്‍ സംഘടിപ്പിക്കും. വ്യവസായ വകുപ്പിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളിലൂടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ലഭ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, സംരംഭകത്വ മേഖലയിലെ നൂതന സാധ്യതകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തും.
നിലവില്‍ സംരംഭകത്വ വികസന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം ലഭ്യമാക്കും. ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടില്ലാത്ത കോളേജുകളില്‍ അവ ആരംഭിക്കുന്നതിനുള്ള ഇടപെടലുകളും നടത്തും. ഇതിലൂടെ ക്യാമ്പസുകളില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സാധിക്കും.
പ്രദേശത്തെ വിജയകരമായ സംരംഭകരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനും അവരുടെ അനുഭവങ്ങളും സംരംഭക യാത്രകളും മനസ്സിലാക്കാനും പദ്ധതിയിലൂടെ അവസരമൊരുക്കും. സംരംഭകത്വ മേഖലയിലെ പ്രായോഗിക അറിവ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിനൊപ്പം സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവരെ പ്രചോദിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വ്യവസായ മേഖലയെയും തമ്മില്‍ ബന്ധിപ്പിച്ച് വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തുന്നതിനും ഭാവിയിലെ സംരംഭകരെ വാര്‍ത്തെടുക്കുന്നതിനുമാണ് ടഠഋജ ഡജ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള കോളേജുകള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 9188401714