THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

അനുഷ്ഠാന രസതന്ത്രം നഷ്ടപ്പെടുന്ന തെയ്യങ്ങള്‍ പൊറാട്ടായി മാറുന്നു: രാഘവന്‍ പയ്യനാട്

Shareef Kooleri · 25-10-2026 04:16 PM IST

തൃക്കരിപ്പൂര്‍: കോലധാരിയും കര്‍മ്മിയും കോമരവും വെളിച്ചപ്പാടും ഒക്കെ ചേര്‍ന്ന ഒരു രസതന്ത്രത്തിലാണ് തെയ്യം സംഭവിക്കുന്നതെന്നും ഇപ്പോള്‍ പലസ്ഥലത്തും അനുഷ്ഠാനങ്ങള്‍ വെറും പൊറാട്ടായി മാറുന്ന അവസ്ഥയിലെത്തിയെന്നും പ്രശസ്ത ഫോക് ലോറിസ്റ്റും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫോക് ലോര്‍ വിഭാഗം സ്ഥാപക അധ്യക്ഷനുമായിരുന്ന ഡോ. രാഘവന്‍ പയ്യനാട് അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ കൊയോങ്കര പറ്റുവ പടിഞ്ഞാറ്റ ഭഗവതി ക്ഷേത്രത്തില്‍ 400 വര്‍ഷത്തിനു ശേഷം മേയ് മാസം നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാളിയൂട്ടും മുടിയേറ്റും പടയണിയും അടങ്ങുന്ന കാളീയനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരികയാണ്. മുടിയേറ്റ് നടത്തുന്ന രണ്ട് കുടുംബക്കാര്‍ മാത്രമേ ഇന്ന് നിലവിലുള്ളൂ. പടയണിയുടെ അനുഷ്ഠാനങ്ങള്‍ കൃത്യമായി നടക്കുന്ന സ്ഥാനങ്ങളും അനുദിനം കുറഞ്ഞു വരികയാണ്. തെയ്യത്തില്‍ കൃത്യമായ അനുഷ്ഠാന ചടങ്ങുകള്‍ അറിയുന്ന കര്‍മ്മിമാരുടെയും കോമരങ്ങളുടെയും എണ്ണം ഇപ്പോള്‍ കുറഞ്ഞുവരികയാണ്. പരമ്പരാഗത വാമൊഴികളും സ്ഥാനവന്ദനവും അറിയാത്തവരാണ് പലേടങ്ങളിലും ചടങ്ങ് നടത്തി വരുന്നത് . കൃത്യമായ അനുഷ്ഠാനം കണ്ടുവളര്‍ന്ന തലമുറയ്ക്ക് ഇപ്പോള്‍ നടക്കുന്ന തെയ്യാനുഷ്ഠാനങ്ങള്‍ പൊറാട്ട് ആണെന്ന് തോന്നിയാല്‍ അത്ഭുതമില്ല. അനുഷ്ഠാനങ്ങളില്‍ മാറ്റം വരുന്നുണ്ടെങ്കിലും തെയ്യവും പെരുങ്കളിയാട്ടവും വടക്കന്‍ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് മറ്റു ദേശക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് മോഡറേറ്ററായി. അമ്മ ദൈവാരാധന നമ്മുടെ ഉത്പത്തിയും പുരാവൃത്തവും വാചാലുകളും തെയ്യാനുഷ്ഠാനത്തില്‍ സംഭവിക്കുന്ന നൂതനപ്രവണതകളും സാമൂഹിക പ്രസക്തിയും സെമിനാറില്‍ ചര്‍ച്ച ചെയ്തു. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അശോകന്‍ പിലാക്കാല്‍ അധ്യക്ഷനായി. കാലടി സര്‍വകലാശാല മുന്‍ ഡയറക്ടര്‍ ഡോ. ഇ.ശ്രീധരന്‍, ഗവേഷകന്‍ ഡോ. വൈ.വി കണ്ണന്‍, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. സംഘാടക സമിതി വര്‍ക്കിങ് പി.ശശിധരന്‍, ജനറല്‍ കണ്‍വീനര്‍ കെ.രാജന്‍, എം.നാരായണന്‍, കെ.ശശി സംസാരിച്ചു. പരിസ്ഥിതി ഗവേഷകന്‍ പി.വി. പദ്മനാഭന്‍ മാസ്റ്റര്‍, സുനില്‍കുമാര്‍ മനിയേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.