കേരളം
തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമി താരം കെ.വി ആരുഷ് ഇനി പഞ്ചാബ് എഫ്.സി അണ്ടര്‍ 17 ടീമില്
തൃക്കരിപ്പൂര്‍: കഴിഞ്ഞ നാലു വര്‍ഷമായി തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നേടിയ കെ.വി ആരൂഷ് ഇനി പഞ്ചാബ് എപ്.സി.യില്‍ അണ്ടര്‍ 17 ടീമില്‍ ഇടം നേടി. തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയിലെ പി.ഉമേഷ് (സി.ആര്‍.പി.എഫ്), ടി.സജിത് (എസ്.ബി.ഐ), എ.ജി.സി ഉസ്മാന്‍, ഇ.അജേഷ്, രാജേഷ്, എ.ജി.സി അംലാദ് തുടങ്ങിയ പരിശീലകരുടെ ശിക്ഷണത്തില്‍ വളര്‍ന്ന അരുഷ് കഴിഞ്ഞ മാസം ബംഗളുരുവില്‍ നടന്ന ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പ്രതിരോധ നിരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചു മത്സരത്തില്‍ ആസാമിനെതിരെ ഒരു ഗോളും നേടിയിരുന്നു. കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കി ഫുട്‌ബോള്‍ സ്വപ്നങ്ങളിലേക്ക് മുന്നേറുന്ന ഈ നേട്ടം നാടിന്റെ അഭിമാനത്തിന്റെ നിമിഷമായി. ഒരു താരത്തിന്റെ വിജയത്തിനപ്പുറം പരിശീലനമികവിന്റെയും പരിശീലകരുടെ സമര്‍പ്പണത്തിന്റെയും കൂടി അംഗീകാരമാണിത്. വി.പി.പി മുഹമ്മദ്കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തൃക്കരിപ്പൂര്‍ ബീരിച്ചേരി മനയില്‍ രജിതയുടെയും രവികുമാറിന്റെയും മകനാണ്. കഴിഞ്ഞ 10 വര്‍ഷമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ റജിസ്‌ട്രേഷനുള്ള തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമി നിരവധി ജില്ലാ സംസ്ഥാന കളിക്കാരെ വാര്‍ത്തെടുത്തു. അക്കാദമിയില്‍ പരിശീലനം നേടിയ നിരവധി താരങ്ങള്‍ ഇന്ന് ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ അക്കാദമികളിലും, ക്ലബ്ബുകളിലും, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റിന്റെയും കീഴില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും, തങ്ങളുടെ പ്രതിഭ തെളിയിചുകൊണ്ടിരിക്കയാണ്. കഴിവുകളെ കണ്ടെത്തി, കഠിനാധ്വാനത്തിലൂടെ മികവിലേക്ക് നയിച്ച്, ദേശീയതലത്തിലേക്കുള്ള വഴി ഒരുക്കുകയാണ് ടി.എഫ്.എയുടെ ലക്ഷ്യം.