കേരളം
അന്യമാകില്ല അന്നം നെൽ വിത്ത് വിതരണം നടത്തി.
തൃക്കരിപ്പൂർ:- ഗ്രാമ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ അടങ്കലിൽ നടപ്പിലാക്കുന്ന അന്യമാകില്ല അന്നം നെൽവിത്ത് വിതരണം നടത്തി. നെൽപ്പാടങ്ങളിൽ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന നെൽ വിത്തുകൾ കണ്ടെത്തി അവ കൂടുതലായി ഉത്പാദിപ്പിച്ച് കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. കാസർകോഡൻ വിത്താണ് പഞ്ചായത്തിലെ പാടശേഖര സമിതികൾ മുഖേന കർഷകർക്ക് നൽകിയത്. കൂടാതെ നെൽ കൃഷി ചെയ്യുന്നതിനുള്ള കൂലിച്ചെലവ് കൂടി പദ്ധതിയിൽ നിന്നും കർഷകർക്ക് നൽകുന്നുണ്ട്.ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമത്ത് അഷ്രീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ടി എസ് നജീബ്, എം കെ പ്രസന്ന, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടകുമ്പാട്, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ പത്മനാഭൻ, കൃഷി അസിസ്റ്റന്റ് സജിത്ത് എന്നിവർ സംസാരിച്ചു.