കേരളം
68ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് രണ്ട് ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം
68ാമത് സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് രണ്ട് ഗെയിംസ് ചാംപ്യന്‍ഷിപ്പ് നാളെ മുതല്‍ 20 വരെ തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് പോള്‍സ് എ.യു.പി സ്‌കൂളിലും സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു
തൃക്കരിപ്പൂര്‍: 68ാമത് സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് രണ്ട് ഗെയിംസ് ചാംപ്യന്‍ഷിപ്പ് നാളെ മുതല്‍ 20 വരെ തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് പോള്‍സ് എ.യു.പി സ്‌കൂളിലും സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. നാളെ മുതല്‍ 20 വരെ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജര്‍മന്‍ ടെക്നോളജിയില്‍ തയാറാക്കിയ ഇന്‍ഡോറില്‍ രണ്ട് കോര്‍ട്ടുകളിലാണ് കബഡി മത്സരം നടത്തുന്നത്. സെപക് താക്രോ, ടെന്നിക്കോയ്റ്റ് മത്സരങ്ങള്‍ 18,19 തീയതികളില്‍ സെന്റ് പോള്‍സ് എ.യു.പി സ്‌കൂളിലെ ഇന്‍ഡോര്‍ കോര്‍ട്ടിലും വച്ച് നടത്തും.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ആണ്‍-പെണ്‍ വിഭാഗത്തിലായി 1300 കായികതാരങ്ങളും 150 ഒഫീഷ്യല്‍സും മത്സരത്തില്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന കായിക താരങ്ങള്‍ക്ക് വി.പി.പി.എ.കെ.പി.എസ് ജി.വി.എച്ച്.എസ്, സെന്റപോള്‍സ് എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിച്ചുള്ളത്. സെപ്തംബര്‍ 18ന് വൈകിട്ട് നാലിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 20ന് രാവിലെ 11ന് നടക്കുന്ന സമാപനസമ്മേളനം സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ എം. മനു, എം. രജീഷ് ബാബു, സെറിമണി കമ്മിറ്റി ചെയര്‍മാന്‍ പി. ശശിധരന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് യു.പി ശരീഫ്, റവന്യൂ ഡിവിഷന്‍ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി കെ.വി ബിജു സംബന്ധിച്ചു.
വിളംബര ഘോഷയാത്ര ഇന്ന്
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് രണ്ടിന്റെ വരവറിയിച്ച് ഇന്ന് വൈകിട്ട് 3.30ന് തങ്കയം മുക്കില്‍ നിന്ന് ആരംഭിക്കും.
കായികതാരങ്ങളെ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കും
സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് വിവിധ ജില്ലകളില്‍ നിന്ന് എത്തുന്ന കായികതാരങ്ങളെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്വീകരിക്കും. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കായിക താരങ്ങളെ കൊണ്ടുവരുന്നതിന് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.