കേരളം
ജനകീയ ഡോ. ജയചന്ദ്ര ഷെട്ടി തൃക്കരിപ്പൂരില്‍ നിന്ന് പടിയിറങ്ങുന്നു തൃക്കരിപ്പൂര്‍ പട്ടേലറുടെ കുടുംബത്തിന്റെ സ്വന്തം ഡോക്ടറാണ് സാംബ ഷെട്ടി
തൃക്കരിപ്പൂര്‍ പട്ടേലറുടെ കുടുംബത്തിന്റെ സ്വന്തം ഡോക്ടറാണ് സാംബ ഷെട്ടി
-ശരീഫ് കൂലേരി-
തൃക്കരിപ്പൂര്‍: നാലര പതിറ്റാണ്ടുക്കാലം ചികിത്സാ രംഗത്ത് സേവനം ചെയ്ത് തൃക്കരിപ്പൂരുകാരുടെ മനസില്‍ ഇടം നേടിയ ജനകീയ ഡോ. ബി. ജയചന്ദ്ര ഷെട്ടി പടിയിറങ്ങുന്നു. ജയചന്ദ്ര ഷെട്ടി മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് കെ. സാംബ ഷെട്ടിയും തൃക്കരിപ്പൂരുകാരുടെ ഹൃദയം കവര്‍ന്നിരുന്നു. ലളിതമായ ജീവിതവും തന്റെ മുന്നിലെത്തുന്ന രോഗികളോടുള്ള പെരുമാറ്റവും ഇരു ഷെട്ടിമാരുടെയും പ്രത്യേകതയാണ്. മെഡിക്കല്‍ രംഗത്ത് എം.ബി.ബി.എസും, എഫ്.ആര്‍.സി.എച്ച് ബിരുദവും ഉള്ള സാംബ ഷെട്ടി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്രയൊന്നും വികസിതമല്ലാത്ത തൃക്കരിപ്പൂര്‍ ഗ്രാമത്തില്‍ പതിറ്റാണ്ടുകളോളമാണ് സേവനം ചെയ്തത്.
കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായ ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട് മുതല്‍ ഒളവറ വരേയുള്ള പ്രദേശം. മംഗളൂരുവില്‍ നിന്നും തങ്കയം ധര്‍മാശുപത്രിയിലേക്ക് (ഇന്നത്തെ തങ്കയം താലൂക്ക് ആശുപത്രി) സ്ഥലമാറ്റം വഴി വന്നതാണ് ഡോ. സാംബ ഷെട്ടി. ആശുപത്രിയില്‍ നിന്നും സര്‍വീസ് കാലം പൂര്‍ത്തിയാക്കി മടങ്ങാനിരുന്ന സാംബ ഷെട്ടിയെ പട്ടേലര്‍ വി.പി.പി മുഹമ്മദ് കുഞ്ഞിയാണ് വാടകയില്ലാതെ മുറി നല്‍കി തൃക്കരിപ്പൂരില്‍ പിടിച്ചു നിര്‍ത്തിയത്. സര്‍വീസ് കാലത്തിന് ശേഷം ദീര്‍ഘകാലം തൃക്കരിപ്പൂരില്‍ സേവനം ചെയ്തതും, സൈക്കിളില്‍ വീടുകളിലെത്തി രോഗികളെ നോക്കിയതും പഴമക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല. സാംബ ഷെട്ടിയുടെ വെളുത്ത കോട്ടിന്റെ പോക്കറ്രില്‍ സൂക്ഷിക്കുന്ന പാരീസ് മിഠായി കുട്ടികള്‍ക്ക് നല്‍കുന്ന പതിവുണ്ടായിരുന്നു. പോയ കാലത്തെ തൃക്കരിപ്പൂരുകാരുടെ പ്രിയപ്പെട്ട ഡോക്ടറായ സാംബ ഷെട്ടിയുടെ മകന്‍ ജയചന്ദ്ര ഷെട്ടി മെഡിക്കല്‍ ബിരുദം കഴിഞ്ഞതോടെ പിതാവ് സാംബ ഷെട്ടിയുടെ നിര്‍ദേശ പ്രകാരം സേവനം ചെയ്യാന്‍ മംഗളൂരുവില്‍ നിന്ന് 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃക്കരിപ്പൂരിലെത്തുകയായിരുന്നു.
പിതാവ് സാംബ ഷെട്ടിയുടെ കൂടെ 10 വര്‍ഷത്തോളം സേവനം ചെയ്ത ജയചന്ദ്ര ഷെട്ടി പിതാവിന്റെ മരണത്തോടെ പിതാവ് സാംബ ഷെട്ടിയുടെ പാത പിന്തുടര്‍ന്നു. സാംബ ഷെട്ടിയെ പോലെ അമിത മോഹമോ, ആര്‍ഭാടങ്ങളോ ഇല്ലാതെ ജീവിതം നയിച്ച ജയചന്ദ്ര ഷെട്ടി തൃക്കരിപ്പൂരുകാരുടെ സ്നേഹമാണ് 47 വര്‍ഷം എന്നെ തൃക്കരിപ്പൂരില്‍ പിടിച്ചു നിര്‍ത്തിയതെന്ന് ജയചന്ദ്ര ഷെട്ടി പറയുന്നു. സാംബ ഷെട്ടിയുടെ സേവനം മുന്‍നിര്‍ത്തി തൃക്കരിപ്പൂര്‍ പഞ്ചായത്ത് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂള്‍ ഡോ. ഷെട്ടി റോഡ് എന്ന് നാമകരണം ചെയ്തിരുന്നു. മംഗളൂരു സിറ്റിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കദ്രി എന്ന സ്ഥലത്താണ് 79കാരനായ ജയചന്ദ്ര ഷെട്ടിയുടെ താമസം. ആസ്ത്രേലിയയില്‍ എന്‍ജിനിയറായ ശാംകുമാര്‍ ഷെട്ടി, മംഗളൂരുവില്‍ വസ്‌കുലര്‍ സര്‍ജനായ നരേന്‍ ഷെട്ടി എന്നിവരാണ് മക്കള്‍. വീട്ടമ്മയായ ഉമാ ഷെട്ടിയാണ് ഭാര്യ.