THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
ദേശീയം

ഒബിസി ക്രീമിലെയര്‍: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ വിധി മാറ്റിവെച്ചു

Shareef Kooleri · 25-09-2026 04:19 PM IST

ഡല്‍ഹി: ഒബിസി ക്രീമിലെയര്‍ മാനദണ്ഡവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇളവ് തേടിയുള്ള കേന്ദ്ര അപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയര്‍ പദവി നിര്‍ണയിക്കരുതെന്ന വിധി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വിധി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയാല്‍ 2012 മുതലുള്ള നിയമനങ്ങളെയും പ്രവേശനങ്ങളെയും ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2 വര്‍ഷത്തെ സാവകാശവും കേന്ദ്രം തേടി. മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധിയാണ് ഇപ്പോഴത്തെ നിയമപോരാട്ടത്തിന് അടിസ്ഥാനം. മാതാപിതാക്കളുടെ വരുമാനം മാത്രം ഒബിസി വിഭാഗങ്ങളിലെ ക്രീമിലെയറിന് കണക്കാക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മാതാപിതാക്കളുടെ സാമൂഹ്യ അവസ്ഥ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 2012 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യം കോടതി നല്‍കി.1993ലെ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാകണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിധി 2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയാല്‍ ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുവരെ നടന്ന നിയമനങ്ങളെ അടക്കം വിധി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ഇതിനകം നടന്ന നിയമനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനങ്ങളും വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.